തിരുനെൽവേലി: തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാർ ധനസിങ്ങിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കിയായതായി പൊലീസ് അറിയിച്ചു.

ജയകുമാറിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്ന മുപ്പതോളം പേർക്ക് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്കിയിട്ടുണ്ട്. നാങ്ങുനേരി കോൺഗ്രസ് എംഎൽഎ റൂബി മനോഹരനും നോട്ടീസ് നല്കിയിട്ടുണ്ട്. ജയകുമാറിനെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തത്.പിതാവിനെ കാണാനില്ലെന്ന് കാട്ടി മകൻ ജെ. കറുത്തായ ജാഫ്രിൻ ഉവാരി പൊലീസിന് പരാതി നൽകിയിരുന്നു.

മൃതദേഹം കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തപ്പോൾ കൈകളും കാലുകളും ചെമ്പ് കമ്പി ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ഇതിനാലാണ് കൊലപാതകമാണോ എന്ന് അന്വേഷിക്കുന്നത്. എന്നാൽ, ശരീരത്തിൽ കാര്യമായ മുറിവുകളൊന്നും കാണാനില്ല. അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് നൂറുകണക്കിന് മീറ്റർ അകലെ നടന്ന സംഭവം കുടുംബാംഗങ്ങളും കാരായിസുത്തുപുത്തൂർ ഗ്രാമവാസികളും ഉൾപ്പെടെ ആരും ശ്രദ്ധിച്ചില്ല എന്നത് വിചിത്രമാണ്.ആത്മഹത്യ സൂചനകൾ ഉള്ളതിനാൽ അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.ഈ സാഹചര്യങ്ങൾ മുൻ നിർത്തിയാണ് അന്വേഷണം നടക്കുന്നതെന്നുമാണ് പൊലീസ് പറഞ്ഞു.

പൊലീസ് വിളിപ്പിച്ചവരിൽ ചിലർ മൊഴി നൽകിയപ്പോൾ മറ്റു ചിലർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ പൊലീസ് സംഘം മുൻ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യന്റെ വീട്ടിലെത്തി രണ്ട് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. കത്തിക്കരിഞ്ഞ മൃതദേഹം ജയകുമാറിന്റേതാണോയെന്ന് പരിശോധിക്കാൻ കുടുംബത്തിലെ ചിലർ ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.