ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ സർവകലാശാല കാംപസിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഗൗതം ബുദ്ധ സർവകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ വാട്ടർടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടർടാങ്കിൽ തള്ളിയതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഭർത്താവിനും ഭർതൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹമാണ് വാട്ടർടാങ്കിൽ കണ്ടെത്തിയത്.

അതേസമയം, ഭർത്താവിനെയും ഭർതൃമാതാവിനെയും താമസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപക്ഷേിച്ചശേഷം ഇരുവരും രക്ഷപ്പെട്ടതായാണ് പൊലീസ് കരുതുന്നത്.

സർവകലാശാലയ്ക്ക് സമീപത്തെ ജിംസ് ആശുപത്രിയിലാണ് യുവതിയുടെ ഭർത്താവ് ജോലിചെയ്തിരുന്നത്. ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്നാണ് അയൽക്കാരുടെ മൊഴി. ഞായറാഴ്ച രാത്രിയും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായിരുന്നു.

വഴക്ക് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവിനെയും ഭർതൃമാതാവിനെയും കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.