ജയ്പുർ: ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ എട്ടുപേർക്കെതിരേ പൊലീസ് കേസെടുത്തു. ഭർത്താവിന്റെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികകൾ കലർത്തിനൽകിയാണ് ക്രൂരത അരങ്ങേറിയതെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപിതാവ് ഉൾപ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഭർത്താവ് നിർബന്ധിച്ചിരുന്നു. ഇതിനെ എതിർത്താൽ ക്രൂരമായി മർദിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

തുടർന്നാണ് ഭർതൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതിനെ എതിർത്തപ്പോൾ ഒരിക്കൽ ഭർത്താവ് കഴുത്തറത്തുകൊല്ലാൻ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ പരാതിയിൽ എട്ടുപേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.