ലക്നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ നയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് വഴിയൊരിക്കയതും കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നുവെന്ന് നമുക്ക് എല്ലാവർക്കും അറിയാം. രാജ്യത്തെ ഭിന്നിപ്പിച്ചതിന് പുറമെ സംവരണത്തിൽ വിള്ളൽ വീഴ്‌ത്തുന്നതിനായി സോണിയയുടെ നേതൃത്വത്തിൽ ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എസ്സി, എസ്ടി അവകാശങ്ങളിൽ നുഴഞ്ഞുകയറി സംവരണം വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഒരു പ്രത്യേക മതവിഭാഗത്തിന് മറിച്ച് നൽകാനും ശ്രമിച്ചു. എന്നാൽ ഇനി കോൺഗ്രസിന്റെ കുതന്ത്രങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ജനങ്ങൾ സമ്മതിക്കില്ല."- യോഗി ആദിത്യനാഥ് പറഞ്ഞു.

കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക തന്നെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം വ്യക്തമാക്കുന്നതാണ്. കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഇന്നേ വരെ അവർക്ക് പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും സോണിയ ജനങ്ങളോട് സത്യം പറയാൻ പഠിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.