മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആഫ്രിക്കൻ പൗരനിൽ നിന്നും 15 കോടി രൂപ വിലമതിക്കുന്ന 1468 ഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടി.

തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനത്താവളത്തിൽ ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഐവറി കോസ്റ്റ് പൗരനെ അധികൃതർ ചോദ്യം ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇക്കാര്യം ഇയാൾ നിഷേധിച്ചുവെങ്കിലും പിന്നീട് നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയതായി സമ്മതിക്കുകയായിരുന്നു.

തുടർന്ന് ഇയാളെ മുംബൈയിലെ സർ ജെജെ ആശുപത്രിയിൽ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു. ശരീരത്തിൽ നിന്ന് 77 ക്യാപ്സൂളുകളായാണ് കൊക്കെയ്ൻ ഡോക്ടർമാർ പുറത്തെടുത്തത്.