- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതൽ സീറ്റുനേടും: ദേവേന്ദ്ര യാദവ്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഡൽഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതൽ സീറ്റുനേടി നേട്ടമുണ്ടാക്കുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷനും പഞ്ചാബിന്റെ എ.ഐ.സി.സി. ഇൻചാർജുമായ ദേവേന്ദ്ര യാദവ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡി.പി.സി.സി. മുൻ അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി രാജിവെച്ചപ്പോൾ കഴിഞ്ഞമാസമാണ് ഇടക്കാല പ്രസിഡന്റായി ദേവേന്ദ്ര യാദവ് ഡൽഹിയിൽ പാർട്ടിത്തലപ്പത്തേക്കു വന്നത്. ഡൽഹിയിലെ ഇന്ത്യ സഖ്യം ദൃഢമാണെന്നാണ് താഴെത്തട്ടിൽനിന്നുള്ള റിപ്പോർട്ടുകളെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലും പഞ്ചാബിലും തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണെന്ന് ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ചുമതലയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലെ ബിജെപി. സർക്കാരിനെ താഴെയിറക്കാനുള്ള നിർണായക പോരാട്ടത്തിനാണ് ഇന്ത്യ സഖ്യം രൂപവത്കരിച്ചത്. ഡൽഹിയിൽ ബിജെപിയെ എതിർക്കാൻ സഖ്യം വേണമെങ്കിലും പഞ്ചാബിൽ സ്ഥിതി അതല്ല.
ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം. അകാലിദളുമായുള്ള എൻ.ഡി.എ. സഖ്യം തകർന്നതോടെ ബിജെപി. നിലനിൽപ്പിന് പ്രയാസപ്പെടുകയാണ്. എ.എ.പിയും കോൺഗ്രസും തമ്മിലാണ് പോരാട്ടം. അവിടെ ഇന്ത്യ സഖ്യമില്ലെങ്കിലും ബിജെപി. നിലംപരിശാകും. പാർലമെന്റിൽ ഇന്ത്യ സഖ്യത്തിന് ഡൽഹിയിലെയും പഞ്ചാബിലെയും സീറ്റുകൾ ബലമാകുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഡൽഹിയിൽ ആറാം ഘട്ടത്തിലും പഞ്ചാബിൽ ഏഴാം ഘട്ടത്തിലുമാണ് തിരഞ്ഞെടുപ്പ്.