ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ സിറ്റിങ് എംപിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐ.ടി) കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു നീക്കം.

തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രജ്ജ്വലിനെതിരേയുള്ള ലൈംഗികാതിക്രമദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്ലീലദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രജ്ജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു. പ്രജ്ജ്വലിനെതിരേ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

വീഡിയോയിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നൽകിയിരുന്നു. ഇതോടെയാണ് സർക്കാർ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഏപ്രിൽ 26-ന് അർധരാത്രിയാണ് പ്രതി വിദേശത്തേക്കു കടന്നത്. ഇന്റർപോളിനെക്കൊണ്ട് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ തിരികെയെത്തിക്കാനായിട്ടില്ല.