ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു. മറ്റൊരു പ്രദേശമായ അനന്ത്‌നാഗിൽ ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് നേരെയും വെടിവയ്‌പ്പുണ്ടായി.പരുക്കേറ്റ ദമ്പതികളായ തബ്രേസിന്റെയും ഫർഹയുടെയും ആരോഗ്യനില ഗുരുതരമാണ്. അനന്ത്‌നാഗിലെ യന്നാറിൽ വച്ചാണ് ഇവർക്ക് വെടിയേറ്റത്. പ്രദേശം കശ്മീർ പൊലീസ് വളഞ്ഞിരിക്കുകയാണ്.

ഷോപ്പിയാനിലെ ഹിർപോറയിൽ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബിജെപി സർപഞ്ചിനു നേരെ ഭീകരർ വെടിയുതിർത്തത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ചു. ജമ്മു കശ്മീരിലെ ബിജെപിയുടെ ധീരനായ പോരാളിയായിരുന്നു ഐജാസെന്ന് ബിജെപി തങ്ങളുടെ അനുശോചന കുറിപ്പിൽ പറയുന്നു.

ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ അനന്ത്നാഗ്-രജൗരി സീറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. "ക്രൂരമായ സംഭവങ്ങൾ ജമ്മു കശ്മീരിൽ ദീർഘകാല സമാധാനം കൈവരിക്കുന്നതിന് തടസമായി വരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരുമിച്ച് നിൽക്കാനും ശാശ്വതമായ ഐക്യത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും എല്ലാവരും തയാറാകണം. ചിന്തകളും പ്രാർത്ഥനകളും ഇരകൾക്കൊപ്പമാണ്" നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.