ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ അഭിസംബോധന ചെയ്യാൻ കഴിയാതെ രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ടിവന്നു. ബാരിക്കേഡുകൾ മറികടന്നും പ്രവർത്തകർ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെയാണ് നേതാക്കൾ റാലി വെട്ടിച്ചുരുക്കി വേദിവിട്ടത്.

പ്രയാഗ് രാജിലെ ഫുൽപുർ പാർലമെന്റ് മണ്ഡലത്തിലെ പാഡിലയിൽ നടന്ന പൊതുയോഗത്തിലാണ് സംഭവം. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാതെയാണ് രാഹുലും അഖിലേഷും റാലി വിട്ടത്. കോൺഗ്രസ്, എസ്‌പി പ്രവർത്തകർ നിയന്ത്രണങ്ങൾ മറികടന്ന് വേദിയിലേക്ക് കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

അഖിലേഷും രാഹുലും പാർട്ടി പ്രവർത്തകരോട് ശാന്തരാകാനും ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും ഉൾക്കൊണ്ടില്ല. ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. തുടർന്ന് ഇരുവരും ചർച്ച നടത്തി വേദി വിടാൻ തീരുമാനിക്കുകയായിരുന്നു.

ഫുൽപുരിലെ റാലി വിട്ട ശേഷം രാഹുലും അഖിലേഷും അലഹബാദ് പാർലമെന്റ് സീറ്റിന് കീഴിലുള്ള പ്രയാഗ്രാജ് ജില്ലയിലെ രണ്ടാമത്തെ റാലിക്കായി മുംഗരിയിൽ എത്തി. ഈ റാലിയിലും സമാനമായ സാഹചര്യം ഉണ്ടായി. ഇവിടെയും ആവേശഭരിതരായ ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് വേദിയിലേക്ക് എത്താൻ ശ്രമിച്ചു.