ന്യൂഡൽഹി: ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ ലോക റെക്കോഡോടെ സ്വർണം നേടി ഇന്ത്യയുടെ ദീപ്തി ജീവൻജി. 55.07 സെക്കൻഡുകൾ കൊണ്ടാണ് ദീപ്തി ഫിനിഷ് ചെയ്തത്. ടി20 വിഭാഗമെന്നത് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ആളുകൾക്കുവേണ്ടി നടത്തുന്ന മത്സരമാണ്. തുർക്കിയുടെ ഐസൽ ഒൻഡർ രണ്ടാമതും (55.19 സെക്കൻഡ്സ്) എക്വഡോറിന്റെ ലിസൻഷെല ആങ്കുലോ മൂന്നാമതും (56.68 സെക്കൻഡ്സ്) ഫിനിഷ് ചെയ്തു.

അമേരിക്കയുടെ ബ്രിയന്ന ക്ലാർക്കിന്റെ പേരിലായിരുന്നു ടി20 വിഭാഗം 400 മീറ്ററിൽ ഇതുവരെ നിലനിന്ന റെക്കോഡ് (55.12 സെക്കൻഡ്സ്). കഴിഞ്ഞ വർഷം പാരീസിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു ഈ നേട്ടം. ഈ ഇനത്തിലെ പുതിയ ലോക റെക്കോഡ് ഇന്ത്യൻ താരത്തിനൊപ്പം നിൽക്കും.

ഞായറാഴ്ച 56.18 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഏഷ്യൻ റെക്കോഡോടെയാണ് ഫൈനലിൽ പ്രവേശിച്ചിരുന്നത്. അതേസമയം പുരുഷന്മാരുടെ എഫ്56 വിഭാഗം ഡിസ്‌കസ് ത്രോയിൽ യോഗേഷ് കാത്തുനിയ വെള്ളി നേടി.

നിലവിൽ ഒരു സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. ഞായറാഴ്ച ടി47 ഹൈജമ്പിൽ നിഷാദ് കുമാറും ടി35 200 മീറ്ററിൽ പ്രീതി പാലും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. ചാമ്പ്യൻഷിപ്പ് മെയ്‌ 25 വരെ തുടരും.