- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണ്ഡിയിൽ കങ്കണ റൗണത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്
മാണ്ഡി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ൽ ഹിമാചൽപ്രദേശിലെ മാണ്ഡി പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ചലച്ചിത്ര താരം കങ്കണ റൗണത്തിനെതിരെ കരിങ്കൊടി പ്രതിഷേധം.
മാണ്ഡി മണ്ഡലത്തിൽ ഉൾപ്പെടുന്ന ലാഹൗൾ ആൻഡ് സ്പിതി ജില്ലയിലെ കാസയിൽ വച്ച് കങ്കണ റൗണത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരും പ്രദേശവാസികളും കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരാണ് കങ്കണക്കെതിരെ പ്രതിഷേധിച്ചത് എന്നാണ് വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്.
'കങ്കണ ഗോ ബാക്ക്' എന്ന മുദ്രാവാക്യം പ്രതിഷേധത്തിൽ ഉയർന്നു. അതേസമയം കങ്കണയുടെ കാറിന് നേർക്ക് കല്ലേറുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഹിമാചൽ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ജയ്‌റാം താക്കൂറിനൊപ്പം കാസയിലെ റാലിയിൽ ഇന്ന് കങ്കണ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രതിഷേധമുണ്ടായത്. റാലി തടസപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതായി ജയ്‌റാം താക്കൂർ ആരോപിച്ചു.
ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ മുഖാമുഖം വന്നെങ്കിലും സംഘർഷമോ പരിക്കോ ഇല്ലെന്ന് ലാഹൗൾ ആൻഡ് സ്പിതി എസ്‌പി മായങ്ക് ചൗധരി പിടിഐയോട് പറഞ്ഞു. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയെ കുറിച്ച് കങ്കണ റൗണത്ത് നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് കാരണം എന്നാണ് കോൺഗ്രസ് വിശദീകരണം. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന കോൺഗ്രസ് പ്രവർത്തകർക്കൊപ്പം, കങ്കണയുടെ പരാമർശത്തിൽ വേദനിച്ചവരും ചേർന്നപ്പോഴാണ് സംഘർഷ സാധ്യതയുണ്ടായത് എന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കോർഡിനേറ്റർ ബിഷാൻ ഷാഷ്നി അവകാശപ്പെട്ടു.
കങ്കണ റണൗത്തിന്റെ ലോക്സഭയിലേക്കുള്ള കന്നി മത്സരത്തിൽ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് ആണ് മാണ്ഡി മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥി. ജൂൺ 1-ാം തിയതിയാണ് മാണ്ഡിയടക്കം ഹിമാചൽപ്രദേശിലെ എല്ലാ ലോക്സഭ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുക.