ഭുവനേശ്വർ: 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥൻ' എന്ന ബിജെപി സ്ഥാനാർത്ഥിയുടെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം ശക്തം. ഒഡിഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി സമ്പിത് പത്രയുടെ പരാമർശമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. തിങ്കളാഴ്ച പുരിയിൽ നടന്ന റോഡ് ഷോയിൽ മോദിക്കൊപ്പം പങ്കെടുത്ത ശേഷം ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് പത്രയുടെ വിവാദ പ്രസ്താവന.

ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്നും നമ്മൾ എല്ലാവരും മോദിയുടെ കുടുംബത്തിലെ അംഗങ്ങൾ ആണെന്നുമായിരുന്നു ജനക് ടിവിയിലെ അഭിമുഖത്തിൽ പത്ര പറഞ്ഞത്. സമ്പിത് പത്രയുടെ പരാമർശത്തെ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അപലപിച്ചു. ഭഗവാൻ ജഗന്നാഥൻ ഒരു മനുഷ്യന്റെ ഭക്തനാണെന്ന് പറയുന്നത് ഭഗവാനെ അപമാനിക്കലാണ്. ഇത് ലോകമെമ്പാടുമുള്ള ജഗന്നാഥ ഭക്തരുടേയും ഒഡിഷക്കാരുടേയും വികാരത്തെ വ്രണപ്പെടുത്തലാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

സമ്പിത് പത്ര മാപ്പുപറയണമെന്നും ഭഗവാൻ ജനഗന്നാഥന്റെ പേരിൽ പത്ര രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ജഗന്നാഥനെ അപമാനിച്ചത് രാജ്യവും ഒഡിഷക്കാരും സഹിക്കില്ലെന്ന് ഒഡിഷയുടെ എഐസിസി ചുമതല വഹിക്കുന്ന അജോയ് കുമാർ പറഞ്ഞു.

പത്രയേയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ദൈവത്തേക്കാളും മുകളിലാണ് തങ്ങൾ എന്ന് അവർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അഹങ്കാരത്തിന്റെ പാരമ്യത്തിലാണിത്. ഭഗവാനെ മോദിയുടെ ഭക്തൻ എന്ന് പറയുന്നത് ദൈവത്തെ അപമാനിക്കലാണ്, അദ്ദേഹം എക്‌സിൽ കുറിച്ചു.

അതേസമയം, തനിക്ക് നാക്കു പിഴ സംഭവിച്ചതാണെന്ന് വിശദീകരിച്ച് പട്‌നായിക്കിന് മറുപടിയുമായി സമ്പിത് പത്ര രംഗത്തെത്തി. പുരിയിൽ മോദിയുടെ വമ്പൻ റോഡ് ഷോയ്ക്ക് ശേഷം നിരവധി മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. ഭഗവാൻ ജഗന്നാഥന്റെ വലിയ ഭക്തനാണ് മോദി എന്നാണ് എല്ലായിടത്തും പറഞ്ഞത്. എന്നാൽ അബദ്ധവശാൽ ഒരിടത്ത് നേരെ മറിച്ചാണ് പറഞ്ഞുപോയത്. നിങ്ങൾക്കും അത് മനസ്സിലായെന്ന് എനിക്കറിയാം. സർ, ഇല്ലാത്ത സംഭവത്തിൽ ഒരു പ്രശ്‌നം ഉണ്ടാക്കരുത്. എല്ലാവർക്കും ചിലപ്പോളൊക്കെ നാക്കു പിഴ സംഭവിക്കും, പത്ര എക്‌സിൽ കുറിച്ചു.