ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഭൂരിപക്ഷം നേടി വിജയിച്ചാൽ ചുരുങ്ങിയ മണിക്കൂറിനകം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേഷ്. രണ്ട് ഘട്ടങ്ങൾ കൂടി കഴിഞ്ഞാൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും. തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ ജനങ്ങൾ തമ്മിലുള്ള സൗന്ദര്യ മത്സരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 26 സഖ്യകക്ഷികളുടെയും യോഗം വിളിച്ചു ചേർത്ത് എല്ലാവർക്കും സ്വീകാര്യനായ ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് നേരത്തേ മല്ലികാർജുൻ ഖാർഗെ അറിയിച്ചിരുന്നു. 2004ലും ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. യു.പി.എക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.

ഫലപ്രഖ്യാപനം വന്ന് നാലുദിവസത്തിനകമായിരുന്നു അന്ന് മന്മോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി തീരുമാനിച്ചത്. ഇക്കുറിയത് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നും പ്രധാനമന്ത്രിയുടെ പേര് ഫലം വന്ന് രണ്ട് മണിക്കൂറിനകം തീരുമാനിക്കുമെന്നും ജയ്‌റാം രമേഷ് സൂചിപ്പിച്ചു.

അഞ്ചുവർഷം ഭരിക്കാൻ അഞ്ച് പ്രധാനമന്ത്രിമാരെയാണ് പ്രതിപക്ഷ സഖ്യം തയാറാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. വിവിധ പാർട്ടികളുടെ സഖ്യമായ യു.പി.എ അഞ്ചു വർഷം തികച്ച് ഭരിച്ചത് മറന്നുപോയോ എന്നും അന്ന് ഒരു പ്രധാനമന്ത്രിയായിരുന്നു ഉണ്ടായിരുന്നത് എന്നുമായിരുന്നു മോദിക്ക് ഖാർഗെയുടെ മറുപടി.

യു.പി.എ സഖ്യം ഭരിച്ച 10 വർഷം ഇന്ത്യക്ക് ഒരു പ്രധാനമന്ത്രിയാണുണ്ടായിരുന്നത്. പഞ്ചാബ് സ്വദേശിയായ ഡോ. മന്മോഹൻ സിങ് ആയിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.