ലഖ്നൗ: ഉത്തർപ്രദേശിലെ സിവിൽ കോടതി ജഡ്ജിയുടെ നായയെ കാണാതായ സംഭവത്തിൽ അയൽവാസികളായ ഇരുപതോളം ആളുകൾക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ബറേലിയിലെ വസതിയിൽനിന്നാണ് നായയെ മോഷ്ടിച്ചത്. അയൽവാസികളാണ് നായയെ മോഷ്ടിച്ചതെന്ന ജഡ്ജിയുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ നിയമത്തിന്റെ (അനിമൽ ക്രുവൽറ്റി ആക്ട്) അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് ജഡ്ജി ഇപ്പോൾ നിയമിതനായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ബറേലിയിലെ സൺസിറ്റി കോളനിയിലാണ് താമസിക്കുന്നത്. ഇവിടുത്തെ വീട്ടിൽനിന്നാണ് നായ മോഷ്ടിക്കപ്പെട്ടത്.

അയൽവാസിയായ ഡംപി അഹമ്മദ് എന്നയാളാണ് തങ്ങളുടെ നായയെ മോഷ്ടിച്ചതെന്നാണ് ജഡ്ജിയുടെ വീട്ടുകാർ പറയുന്നത്. സംഭവം നടക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഡംപിയുടെ കുടുംബവുമായി ജഡ്ജിയുടെ കുടുംബം വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി എഫ്.ഐ.ആറിൽ പറയുന്നു. നായ ഡംപിയുടെ ഭാര്യയേയും മകളേയും തെരുവിൽവെച്ച് ആക്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായത്.

മെയ് 16-ന് രാത്രി 9.45-ഓടുകൂടിയാണ് വഴക്കുണ്ടായതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ജഡ്ജിയുടെ വീട്ടിലെത്തിയ ഡംപിയുടെ ഭാര്യയാണ് തർക്കത്തിലേർപ്പെട്ടത്. തന്നെയും മകളെയും ജഡ്ജിന്റെ നായ ആക്രമിച്ചെന്നും അതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞില്ലേയെന്നും ചോദിച്ചാണ് തർക്കം ആരംഭിച്ചത്. ഇത് പതിയ ഇരുകൂട്ടരും തമ്മിലുള്ള വലിയ വാഗ്വാദത്തിലേക്ക് വഴിവെച്ചു.

വഴക്കിന്റെ അവസാനം ഡംപിയുടെ മകൻ ഖ്വാദിർ ഖാൻ ജഡ്ജിയുടെ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. ഈ വഴക്കിനുപിന്നാലെയാണ് നായയെ കാണാതായത്. അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ ഡംപി അഹമ്മദും കുടുംബവുമാണ് എന്നാണ് ജഡ്ജിയുടെ കുടുംബം ആരോപിക്കുന്നത്.

സംഭവം അറിഞ്ഞ ജഡ്ജി ബറേലി പൊലീസിനെ ഫോണിൽ ബന്ധപ്പെട്ടു. സംഭവം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയും പരാതി ഫയൽ ചെയ്യുകയും ചെയ്തു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഇരുപതോളം പേർക്കെതിരേ കേസെടുത്തത്. നായയ്ക്കായുള്ള തിരച്ചിലും പൊലീസ് നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയെയും വീട്ടുകാരെയും ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല.