ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ബിജെപി ടാഗ് കണ്ടെന്ന തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കമ്മിഷനിങ് ചെയ്യുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നത് ബിജെപിയുടെ പ്രതിനിധികൾ മാത്രമാണെന്നും അതുകൊണ്ടാണ് ടാഗിൽ അവരുടെ പ്രതിനിധികളുടെ ഒപ്പ് മാത്രം ഉള്ളത് എന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

എന്നാൽ മറ്റു ചിലതിൽ എല്ലാ പാർട്ടിയുടെ ഏജന്റുമാരും എത്തിയിരുന്നുവെന്നും അവരുടെ ഒപ്പ് ശേഖരിക്കാൻ സാധിച്ചുവെന്നും കമ്മിഷൻ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കമ്മിഷനിങ് ചെയ്തതെന്നും എല്ലാം സിസിടിവി ക്യാമറയുടെ സാന്നിധ്യത്തിലാണ് നടത്തിയതെന്നും വിഡിയോ എടുത്തിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു.

"ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിച്ച് ബിജെപി വോട്ടുമറിക്കുന്ന കാര്യം മമത ബാനർജി ആവർത്തിച്ചിട്ടുള്ളതാണ്. ഇന്ന് ബങ്കുരയിലെ രഘുനാഥ്പുരിൽ അഞ്ചു ഇലക്ട്രോണിക് മെഷീനുകളിൽ ബിജെപി ടാഗുകൾ കണ്ടു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ശ്രദ്ധയിൽ കൊണ്ടുവന്ന് വേണ്ട നടപടികൾ കൈക്കൊള്ളണം." തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പറയുന്നു. വോട്ടിങ് മെഷീനുകളുടെ ചിത്രവും എക്‌സിൽ ഇവർ പങ്കുവെച്ചിട്ടുണ്ട്.

കമ്മിഷൻ ചെയ്യുന്ന സമയത്ത് പൊതുവായ അഡ്രസ് ടാഗിൽ സ്ഥാനാർത്ഥികളും അവരുടെ ഏജന്റുകളും ഒപ്പുവെച്ചിരുന്നു. ഇലക്ട്രോണിക് മെഷീൻ കമ്മിഷൻ ചെയ്യുന്ന സമയത്ത് ബിജെപിയുടെ പ്രതിനിധികൾ മാത്രമാണ് ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ എട്ട് ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019ൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനാണ് ഇത്തവണ തൃണമൂലിന്റെ ശ്രമം.