ഗൊരഖ്പുർ: രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചോ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ സംസാരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം മുഴുവൻ തന്റെ കുടുംബമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ആ കുടുംബത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടില്ലന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് കേന്ദ്രത്തിനും മോദിക്കുമെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

"രാജ്യത്ത് 70 കോടിപ്പേർക്ക് തൊഴിലില്ല. എന്നാൽ ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒരിക്കലും സംസാരിച്ചിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇന്ന് മുൻപത്തേതിനേക്കാൾ ദരിദ്രരായിരിക്കുകയാണ് കർഷകർ. അതേക്കുറിച്ചും മോദിക്കൊന്നും പറയാനില്ല. രാജ്യം മുഴുവൻ തന്റെ കുടുംബമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ആ കുടുംബത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടില്ല. തൊഴിലില്ലായ്മയുടെയും കർഷകരുടെ ദുരിതത്തിന്റെയും വേദനയെന്താണെന്ന് അദ്ദേഹത്തോട് പറയാനുള്ള സമയമായിരിക്കുന്നു.

ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ബിജെപി നേതാക്കൾ പറയുമ്പോൾ കോൺഗ്രസ് സംസാരിക്കുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ്. അധികാരത്തിലെത്തിയാൽ തൊഴിലില്ലാത്തവർക്കായി എന്തുചെയ്യുമെന്നാണ് ഞങ്ങൾ പറയുന്നത്. ഇന്ത്യ സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ അക്കൗണ്ടിൽ വർഷംതോറും ഒരുലക്ഷം രൂപ വീതം നിക്ഷേപിക്കും. കർഷകരുടെ വായ്പകൾ എഴുതിത്ത്തള്ളുകയും കാർഷികോപകരണങ്ങൾക്കുള്ള ജിഎസ്ടി ഒഴിവാക്കുകയും ചെയ്യും. വിദ്യാഭ്യാസ വായ്പ എഴുതിത്ത്തള്ളും. കുറഞ്ഞ ദിവസവേതനം 400 രൂപയാക്കി വർധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.