രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഒൻപതു കുട്ടികളടക്കം 32 പേർ മരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തും. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അതുകൊണ്ട് ഇനിയും മരണ സംഖ്യം ഉയരാൻ സാധ്യതയുണ്ട്.

ദുരന്തം നടന്ന സ്ഥലവും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശിച്ചു. 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണം നടത്തുന്ന സെപ്ഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്‌ഐടി) നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിലുള്ള അഞ്ചുപേരുമായും ആഭ്യന്തരമന്ത്രി ഹർഷ് സംഗ്‌വി കൂടിക്കാഴ്ച നടത്തി. ദുരന്തം നടന്ന ടിആർപി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി രാജ്‌കോട്ടിലെ എയിംസിൽ 30 ഐസിയു ബെഡുകൾ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.