- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കൽ; കേന്ദ്രസർക്കാരിനെ വിമർശിച്ച് കർണാടക മന്ത്രി
ബംഗളൂരു: ലൈംഗിക അതിക്രമ കേസിലെ പ്രതി ജെ.ഡി.എസ് എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന അഭ്യർത്ഥനയിൽ കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര. മെയ് 1 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന് എന്ത് സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മെയ് 21ന് മാത്രമാണ് ലഭിച്ചതെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു.
'ഇതുവരെ കേന്ദ്രത്തിൽ നിന്ന് വിവരങ്ങളോ കത്തോ ലഭിച്ചിട്ടില്ല, അവർ നടപടിയെടുക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ അത് റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് കണ്ടു. എന്നാൽ ഇതിനെക്കുറിച്ച് രേഖാമൂലമുള്ള ആശയവിനിമയം ലഭിച്ചിട്ടില്ല', -പരമേശ്വര പറഞ്ഞു.
പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് ഒന്നിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. അതിന് ശേഷം ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും ഇതേ ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചതായും പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തെഴുതുമ്പോൾ അതിന് അർഹമായ ബഹുമാനം ലഭിക്കണമെന്നും ഇവിടെ അത് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
മൂന്നു വർഷം മുമ്പ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായാണ് മുൻ ജില്ല പഞ്ചായത്ത് അംഗം രംഗത്തുവന്നത്. കോളജ് വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വൽ രേവണ്ണ അദ്ദേഹത്തിന്റെ എംപി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പീഡിപ്പിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്തതായാണ് പരാതി.ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടർച്ചയായി ഉപദ്രവിച്ചെന്നും സംഭവം വെളിപ്പെടുത്തിയാൽ ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടു. പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്‌ഐ.ടി അന്വേഷണം ആരംഭിച്ച വേളയിൽ വെളിപ്പെടുത്തുകയായിരുന്നു.