ബാഗ്പഥ്: ഉത്തർപ്രദേശിലെ ബാഗ്പഥിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് തീപിടിച്ചത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ തെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുകയും ഉയർന്നതോടെ പ്രദേശവാസികൾ അങ്കലാപ്പിലായി.

തീ പടർന്ന കെട്ടിടത്തിൽ നിന്നും 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. അഗ്‌നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന. നാലോളം യൂണിറ്റ് അഗ്‌നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.