റായ്പൂര്‍: ഝാര്‍ഖണ്ഡില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ ശേഷിക്കെയാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി തെറ്റിപ്പിരിഞ്ഞ ചംപയ് സോറന്റെ നീക്കം. ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് തീരുമാനം. നേരത്തെ ചംപയ് സോറനും സംഘവും ബിജെപിയില്‍ ചേക്കേറുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു.

സജീവ രാഷ്ട്രീയം വിട്ടേക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും അതുവേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി. ഝാര്‍ഖണ്ഡ് വോട്ടെടുപ്പിന് മുന്നോടിയായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് യോജിക്കാന്‍ കഴിയുന്ന ഏത് സഖ്യകക്ഷിയുമായും കൈകോര്‍ക്കാന്‍ തയ്യാറാണെന്നും ചംപയ് സോറന്‍ വ്യക്തമാക്കിയിട്ടുണ്ട്,

തനിക്ക് മുന്നില്‍ മൂന്ന് വഴികളാണുണ്ടായിരുന്നത്. വിരമിക്കല്‍, പുതിയ പാര്‍ട്ടി, അല്ലെങ്കില്‍ ഒരു സുഹൃത്തിനെ കണ്ടെത്തുക. ഏതായാലും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കാര്യം എല്ലാവരെയും അറിയിക്കുകയാണ്. ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം. പുതിയ യാത്രയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടുമുട്ടിയാല്‍ ഒന്നിച്ച് സഞ്ചരിക്കും ചംപയ് സോറന്‍ നിലപാട് വ്യക്തമാക്കി.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ചംപയ് സോറന്‍ എത്തിയത്. ഹേമന്ത് സോറന് ജാമ്യം കിട്ടി പുറത്തിറങ്ങിയ നിമിഷം തന്നെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കസേരയിലിരിക്കെ പാര്‍ട്ടി നേതാക്കളില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് സുദീര്‍ഘമായ കുറിപ്പായിരുന്നു ചംപയ് സോറന്‍ എക്‌സില്‍ പങ്കുവച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജെഎംഎമ്മില്‍ നിന്ന് പടിയിറങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.