മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ജൂൺ ഒന്നിന് പൂർത്തിയാകുന്നതോടെ അടുത്ത അഞ്ചു വർഷം രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാകും. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്‌സിറ്റ് പോൾ ഫലം പുറത്തെത്തും.

ജൂൺ നാലിന് വോട്ടെണ്ണുന്നതോടെ ഇന്ത്യ ഭരിക്കുക ആരാണെന്നറിയാനുള്ള കാത്തിരിപ്പിന് മണിക്കൂറുകളുടെ വിരാമം മാത്രമേയുണ്ടാകൂ. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന്റെ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ ബിഗ് സ്‌ക്രീനുകളിൽ കണ്ടാൽ എങ്ങനെയിരിക്കും ആ രീതിയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം കളറാക്കാനുള്ള തീരുമാനത്തിലാണ് മുംബൈ ജനത.

അതിനായി മുംബൈയിലെയും മഹാരാഷ്ട്രയിലെയും തീയേറ്ററുകളിൽ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. ജൂൺ നാലിന് രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് മൂന്നുമണിവരെ ബിഗ് സ്‌ക്രീനുകൾ സജീവമായിരിക്കും. രാജ്യത്തെ രാഷ്ട്രീയ നാടകം തിരശ്ശീലയിൽ കാണാൻ ജനങ്ങൾക്ക് കിട്ടുന്ന അവസരം കൂടിയാണിത്. ഓരോ പാർട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കിനൊപ്പം ബ്രേക്കിങ് ന്യൂസുകളും സ്‌ക്രീനുകളിൽ തെളിയും.

മഹാരാഷ്ട്രയിലെ മൂവീമാക്‌സ് തിയേറ്ററുകളിൽ തെരഞ്ഞെടുപ്പ് ഫലം കാണിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 99 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്ക്‌മൈ ഷോ, പേടിഎം പോലുള്ള ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലും മൂവിമാക്‌സിന്റെ വെബ്‌സൈറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.