ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയർലൈൻസിന്റെ UK-611 വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ 12:10-നാണ് വിമാനം ശ്രീനഗറിലിറങ്ങിയത്. ലാൻഡ് ചെയ്ത ഉടൻ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി നിർത്തിയശേഷമാണ് തുടർനടപടികൾ സ്വീകരിച്ചത്.

സംഭവം വിസ്താര സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട UK-611 വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി അവർ പ്രസ്താവനയിൽ അറിയിച്ചു. ശ്രീനഗർ അന്താരാഷ്ട്ര വിമാത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയെന്നും തുടർന്ന് എല്ലാ യാത്രക്കാരേയും വിമാനത്തിൽ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു. എല്ലാ സുരക്ഷാ പരിശോധനകളും നടത്തിയ ശേഷം വിമാനത്തിന് സർവീസ് തുടരാനുള്ള അനുമതി ലഭിച്ചുവെന്നും വിസ്താര കൂട്ടിച്ചേർത്തു.

ബോംബ് ഭീഷണിയുടെ ഉറവിടത്തേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിസ്താര വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനയാത്ര സുരക്ഷിതമാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നേരത്തേ ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുപോയ ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ ഉടൻ ഇറക്കുകയായിരുന്നു. പറന്നുയരുന്നതിന് തൊട്ടുമുമ്പായി വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ കടലാസ് ജീവനക്കാർക്ക് ലഭിക്കുകയായിരുന്നു. വിമാനത്തിൽ ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.