മുംബൈ: നടി രവീണ ടണ്ഠന്റെ കാർ ഇടിച്ചതുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നതിനിടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നടിയുടെ വീടിന് വെളിയിൽ നിന്നുള്ളതാണ് വിഡിയോ. പർദയിട്ട സ്ത്രീകളുടെ സമീപത്തിലൂടെ വാഹനം കടന്നു പോകുന്നത് വിഡിയോയിൽ കാണാം. എന്നാൽ വണ്ടി ഇടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. തന്നെ തല്ലരുതെന്ന് രവീണ പറയുന്ന വിഡിയോ നേരത്തെ വൈറലായിരുന്നു.

വാഹനം റിവേഴ്സ് എടുക്കുമ്പോൾ സമീപത്തിലൂടെ യുവതികൾ പോകുന്നുണ്ട്. കൂട്ടത്തിൽ ഒരു സ്ത്രീ ഡ്രൈവറെ ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. ഇത് കാര്യമാക്കാതെ വണ്ടി തിരിച്ച് നടിയുടെ വീടിനുള്ളിലേക്ക് കയറ്റുകയായിരുന്നു. ഈ തർക്കമാണ് പ്രശ്നങ്ങളിൽ കലാശിച്ചത്.

അതിനിടെ നടിക്കു നേരെയാണ് അക്രമമുണ്ടായത് എന്ന ആരോപണവുമായി നടിയുടെ അടുത്ത വൃത്തങ്ങൾ രംഗത്തെത്തി. വീടിന് അകത്തേക്ക് അതിക്രമിച്ചു കയറാനാണ് അവർ ശ്രമിച്ചതെന്നും ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളിൽ അവരെ വണ്ടി തൊടുക പോലും ചെയ്തില്ല എന്ന് വ്യക്തമാണ്. വീടിനുള്ളിലേക്ക് കയറിയതിനു ശേഷം ഡ്രൈവറോട് സംസാരിക്കണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടു. ഇവരെ തടയുന്നതിനിടെ ഡ്രൈവർക്കും വാച്ച്മാനും ആക്രമിക്കപ്പെട്ടു. ഇത് കണ്ടാണ് രവീണ പ്രശ്നത്തിൽ ഇടപെട്ടത്. അതിനിടെ താരത്തിന് നേരെ ആക്രമണമുണ്ടായി.

രവീണയും ഡ്രൈവറും ചേർന്ന് തന്റെ അമ്മയേയും സഹോദരിമാരെയും ആക്രമിച്ചു എന്ന ആരോപണവുമായി ഒരു യുവാവ് രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.