ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യം കേവല ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും എൻ ഡി എ മുന്നണിയെയും വിജയത്തിലേക്ക് നയിച്ച് മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ എന്നാണ് വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ രാജ്യത്തെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയാൻ സാധിച്ചതിൽ ലോക നേതാക്കൾ ഇന്ത്യൻ ജനതയെയും അഭിനന്ദിച്ചു. മോദിയുടെ മൂന്നാം ഭരണത്തിൽ രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും അവർ ആശംസിച്ചു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കരീബിയ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കൾ മോദിയെ അനുമോദിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മുതൽ ഇറ്റലി, സ്‌പെയിൻ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ വരെ മോദിക്ക് ആശംസകളുമായി രംഗത്തെത്തി.

നൈജീരിയ, കെനിയ, കോമൊറോസ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കളും മോദിയുടെ ഹാട്രിക് നേട്ടത്തെ അഭിനന്ദിച്ചു. ജമൈക്ക, ബാർബദോസ്, ഗുയാന എന്നീ കരീബിയൻ മേഖലകളിൽ നിന്നും നരേന്ദ്ര മോദിയെ തേടി അഭിനന്ദനങ്ങളെത്തി. മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് ലോകനേതാക്കൾ ആശംസകളുമായി വന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മാത്രമാണ് ഇതിന് മുൻപ് തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി പദം കൈകാര്യം ചെയ്തതെന്നതും ശ്രദ്ധേയമാണ്.

ശ്രീലങ്കൻ പ്രസിഡന്റ് നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. കൂടാതെ മാലദ്വീപ്, ഇറാൻ, സീഷെൽസ് എന്നിവിടങ്ങളിലെ നേതാക്കളും മോദിയെ പ്രശംസിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. സെർബിയൻ പ്രസിഡന്റും ആശംസകളുമായെത്തി.

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, മൗറീഷ്യസ് പ്രധാനമന്ത്രി, നേപ്പാൾ പ്രധാനമന്ത്രി സഖാവ് പുഷ്പ കമാൽ പ്രചണ്ഡ, മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, മാലദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ തുടങ്ങി നിരവധി ലോക നേതാക്കളും മോദിയെ അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം കൂടുതൽ മെച്ചപ്പെടാൻ മോദിയുടെ മൂന്നാം വരവിന് സാധിക്കുമെന്നാണ് ലോക നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മത്സരിച്ച എൻ ഡി എ സഖ്യം 290 സീറ്റുകൾ നേടിയാണ് സർക്കാർ രൂപീകരണം ഉറപ്പാക്കിയത്. 240 സീറ്റുകൾ സ്വന്തമാക്കിയ ബിജെപിയാണ് 543 അംഗ ലോക് സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. മുന്നണിയിലെ പ്രബല കക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയുടെയും നിതീഷ് കുമാറിന്റെ ജെ ഡി യുവിന്റെയും പിന്തുണ ഉറപ്പാക്കിയതോടെയാണ് ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായത്.