മുംബൈ: നരേന്ദ്ര മോദിക്ക് പരിചയമില്ലാത്ത കാര്യമാണ് സഖ്യസർക്കാർ നടത്തിക്കൊണ്ടുപോവുക എന്നതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവുത്ത്. ജനാധിപത്യത്തേയും ഭരണഘടനയേയും അപകടത്തിലാക്കുന്നവരെ പിന്തുണയ്ക്കാൻ ടി.ഡി.പി. നേതാവ് എൻ. ചന്ദ്രബാബു നായിഡുവും ജെ.ഡി.യു. നേതാവ് നിതീഷ് കുമാറും തയ്യാറാവുമെന്ന് കരുതുന്നില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

ബിജെപിക്ക് ഭൂരിപക്ഷമില്ല. അവർ സഖ്യസർക്കാരിന് ശ്രമിക്കുകയാണ്. അവർ പരിശ്രമിക്കട്ടെ, നായിഡുവും നിതീഷും എല്ലാവരുടേയും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരന്റി, മോദിയുടെ സർക്കാർ എന്ന് പറയുന്ന മോദിക്ക് പരിചയമില്ലാത്ത കാര്യമാണ് സഖ്യസർക്കാർ നടത്തിക്കൊണ്ടുപോവുക എന്നതെന്നും അദ്ദേഹം പറഞ്ഞു.

നായിഡുവിന്റേയും നിതീഷിന്റേയും സഹായത്തോടെയാണ് അവർ സർക്കാർ ഉണ്ടാക്കാൻ പോവുന്നത്. എന്നാൽ, ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നല്ലേ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

മോദിജി പരാജയപ്പെട്ടു. ബിജെപി. പരാജയപ്പെട്ടു. ഇത് അവരുടെ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ്. അദ്ദേഹം ദൈവമല്ല, മനുഷ്യനാണെന്ന് അംഗീകരിക്കണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു.