- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഡ്നാവിസിന്റെ രാജി വാഗ്ദാനം നാടകം മാത്രമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിക്ക് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ രാജി വാഗ്ദാനം നാടകം മാത്രമാണെന്ന് കോൺഗ്രസ്. ഭരണഘടനാ വിരുദ്ധമായ സർക്കാറാണ് ഫഡ്നാവിസ് നടത്തുന്നതെന്നും രണ്ട് പാർട്ടികളെ തകർത്താണ് താൻ അധികാരത്തിൽ തിരിച്ചെത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു.
'രാജിവെക്കാനുള്ള ആഗ്രഹം എന്നത് വെറും നാടകമാണ്. ശിവസേനയുടെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും പിരിഞ്ഞുപോയ വിഭാഗങ്ങൾക്ക് (യഥാർഥ) പാർട്ടി ചിഹ്നവും പേരും നൽകുന്നതിന് ഫഡ്നാവിസ് ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു. എന്നാൽ ഈ രണ്ട് പാർട്ടികൾ ആരുടേതാണെന്നതിനെ കുറിച്ചാണ് ജനങ്ങൾ ഇപ്പോൾ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി രാജിവെക്കുമോ?' -അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
മഹാരാഷ്ട്രയിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിന് പിന്നാലെയാണ് ഫഡ്‌നാവിസ് രാജിസന്നദ്ധത അറിയിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജിസന്നദ്ധത.
സർക്കാറിന്റെ പ്രവർത്തനങ്ങളിൽ നിന്നും തന്നെ മാറ്റിനിർത്തിയാൽ പാർട്ടിക്കായി കൂടുതൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. 2014 മുതൽ 2019 വരെ ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.