ബെംഗളൂരൂ: ലൈംഗികാതിക്രമ കേസുകളിൽ വിദേശത്തെ നീണ്ട ഒളിവുജീവിതത്തിന് ശേഷം അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 34 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം കഴിഞ്ഞ മാസം 31 ന് ബെംഗളൂരുവിൽ വച്ചാണ് പ്രജ്വൽ അറസ്റ്റിലായത്.

ബുധനാഴ്ച ബെംഗളൂരുവിലെ എബി വാജ്‌പേയി മെഡിക്കൽ കോളജിൽ എത്തിച്ച് രേവണ്ണയെ നാല് മണിക്കൂർ നീണ്ട പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെ രേവണ്ണയുടെ ശാരീരിക മാനസിക നിലയെ സംബന്ധിച്ച് എസ്‌ഐടി സംഘം റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം, പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയെ കണ്ടെത്താനുള്ള എസ്‌ഐടി ശ്രമം ഫലം കാണുന്നില്ല. മെയ്‌ 31ന് ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് അറസ്റ്റിനായുള്ള തിരച്ചിൽ വ്യാപകമാക്കിയത്. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ ഗൂഢാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്‌ക്കൊപ്പം ഭവാനിയും മുഖ്യപങ്കു വഹിച്ചതായി പൊലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ രേവണ്ണ നിലവിൽ ജാമ്യത്തിലാണ്.

കർണാടകയിലെ ഹാസനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടിരുന്നു. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസൻ, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.

മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂർ എംഎൽഎയുമായ എച്ച് ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിങ് എംപിയായ പ്രജ്വൽ. 33-കാരനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.