- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കങ്കണയുടെ പരാതിയിൽ നടപടി; സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ മർദിച്ചെന്ന നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റാണാവത്തിന്റെ പരാതിയിൽ അതിവേഗം നടപടി. കങ്കണയെ മർദ്ദിച്ചെന്ന് ആരോപണം നേരിടുന്ന വനിത കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ സി ഐ എസ് എഫ് സസ്‌പെൻഡ് ചെയ്തു.
ആരോപണമുയർന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ഡൽഹി സി ഐ എസ് എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു. അതിനിടെ കങ്കണയുടെ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കുൽവീന്ദർ കൗറിനെതിരെ കേസ് എടുത്തിട്ടുമുണ്ട്.
വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം നടന്നത്. സി ഐ എസ് എഫ് വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന പരാതിയുമായി കങ്കണ സോഷ്യൽ മീഡയയിലൂടെയാണ് രംഗത്തെത്തിയത്. പിന്നീട് പരാതി നൽകുകയും ചെയ്തു. സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻ പ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കങ്കണ ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകുമെന്നാണ് റിപ്പോർട്ട്.
സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളി മാറ്റുകയും അവർ തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ തള്ളുകയും ചെയ്തു. തുടർന്നു കുൽവീന്ദർ കൗർ കങ്കണയെ അടിക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നാലെ കർഷകരെ അപമാനിച്ചതിനാണ് മർദിച്ചതെന്നു ഉദ്യോഗസ്ഥ പറഞ്ഞതായാണു വിവരം.
വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.
വിമാനത്താവളത്തിൽ കങ്കണയെ മർദിച്ചത് സിഐഎസ്എഫ് ഉദ്യോഗസ്ഥ; പരാതിയിൽ അതിവേഗ നടപടിയുമായി അധികൃതർ; ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ; ചണ്ഡിഗഡ് പൊലീസ് കേസെടുത്തു