ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അംഗസംഖ്യ 100 സീറ്റ് തികച്ച് കോൺഗ്രസ്. മഹാരാഷ്ട്രയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച വിശാൽ പാട്ടീൽ പിന്തുണയുമായി എത്തിയതോടെയാണ് കോൺഗ്രസിന്റെ ലോക്‌സഭയിലെ അംഗബലം നൂറായത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ സന്ദർശിച്ചു പിന്തുണ അറിയിക്കുകയായിരുന്നു. വിശാൽ പാട്ടീലിനെ സ്വാഗതം ചെയ്ത് മല്ലികാർജുൻ ഖർഗെ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

സാംഗ്‌ലി സീറ്റിലാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്തദാദ പാട്ടീലിന്റെ കൊച്ചുമകനായ വിശാൽ മത്സരിച്ചത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ ധാരണപ്രകാരം സാംഗ്‌ലി സീറ്റ് ശിവേസനയ്ക്ക് കൈമാറിയതോടെയാണ് വിശാൽ സ്വതന്ത്രനായി മത്സരിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം കാഴ്ചവച്ചത്. വിശാലിന്റെ കൂടെ പിന്തുണ ലഭിച്ചതോടെ ലോക്‌സഭയിൽ കോൺഗ്രസ് അംഗബലം 100 ആയി.