ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസുമായി സഖ്യമില്ലെന്നും ആം ആദ്മി പാർട്ടി. സഖ്യം രൂപീകരിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമെന്നും എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു ഗോപാൽ റായ്‌യുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നെന്നും ഗോപാൽ റായ് പറഞ്ഞു.

"ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചത്. നിരവധി പാർട്ടികൾ ഒന്നിച്ച് പോരാടി. എഎപിയും അതിൽ ഭാഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്കു മത്സരിക്കും. സഖ്യത്തിനില്ല. ഏകാധിപത്യത്തിന് എതിരെയായിരുന്നു ജനവിധി. ഏറ്റവും മോശം സാഹചര്യത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ പോരാടിയത്. ഞങ്ങളുടെ പ്രധാനപ്പെട്ട നേതാക്കന്മാരെല്ലാം ജയിലിലാണ്" ഗോപാൽ റായ് പറഞ്ഞു.

ലോക് സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി പിടിച്ചെടുത്തിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായിനിന്നുകൊണ്ട് ആംആദ്മി നാലു സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലുമാണ് മത്സരിച്ചത്.