ബംഗളൂരു: ബിജെപി നേതാവ് നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. 40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസിൽ പ്രതികളാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതെ ഇരുന്നതിനാൽ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ രാഹുൽ ഗാന്ധി ബെംഗളൂരുവിലെ കോടതിയിൽ ഹാജരായത്.

സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ എല്ലാ സർക്കാർ പദ്ധതി നടത്തിപ്പിനും 40 ശതമാനം കമീഷൻ ഈടാക്കിയെന്ന പരാമർശത്തിനെതിരെയാണ് കേശവ് പ്രസാദ് ഹരജി നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെയും കേശവ് പ്രസാദ് മാനനഷ്ടക്കേസ് നൽകിയിരുന്നു. ഇരു നേതാക്കളും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായാണ് കേസിൽ ജാമ്യം നേടിയത്. ബെംഗളൂരുവിലെത്തിയ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോടതിയിൽ ഹാജരാകാൻ രാഹുൽ ഇന്ന് രാവിലെ രാഹുൽ ഗാന്ധി ബംഗളൂരുവിൽ എത്തിയിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും ചേർന്നാണ് അദ്ദേഹത്തെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചത്. കോടതി വളപ്പിൽ പാർട്ടി പതാകകൾ കൊണ്ടുവരരുതെന്നും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്നും പാർട്ടി പ്രവർത്തകർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.