ന്യൂഡൽഹി: ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റനൗട്ടിന്റെ കരണത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്ലാനി. വിശാൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു കുറിപ്പ് പങ്കിടുകയും സിഐഎസ്എഫ് വനിതയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

താൻ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ലെന്നും പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്റെ കാരണം ശരിക്കും മനസിലാവുന്നുണ്ടെന്നും വിശാൽ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. 'സിഐഎസ്എഫ് അവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുന്ന പക്ഷം അവർക്കായി ഒരു ജോലി കാത്തിരിക്കുന്നുണ്ടാവുമെന്നത് ഞാൻ ഉറപ്പാക്കും. ജയ് ഹിന്ദി, ജയ് ജവാൻ, ജയ് കിസാൻ', വിശാൽ ദദ്‌ലാനിയുടെ കുറിപ്പ്.

ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദർ കൗറിൽ നിന്ന് കങ്കണ റനൗട്ടിന് മർദ്ദനമേറ്റത്. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണയുടെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് കുൽവീന്ദർ കൗർ പ്രതികരിച്ചിരുന്നു. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ മുൻ പരാമർശം. തന്റെ അമ്മയും കർഷകർക്കൊപ്പം സമരം ചെയ്തിരുന്നതായും കുൽവീന്ദർ പറഞ്ഞിരുന്നു. കുൽവീന്ദറിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.