ചെന്നൈ: രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താനും വയനാട് വിടാനും തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ പ്രിയങ്കാഗാന്ധിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ. രാഹുൽ പ്രതിപക്ഷനേതാവ് ആവുമ്പോൾ, വയനാട് രാജിവെച്ച് പ്രിയങ്കാ ഗാന്ധി സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഡി.എം.കെ. വക്താവും മാധ്യമവിഭാഗം ജോയിന്റ് സെക്രട്ടറിയുമായ ശരവണൻ അണ്ണാദുരൈയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രണ്ടുസീറ്റുകളിൽ വിജയിച്ച രാഹുൽഗാന്ധി, റായ്ബറേലി നിലനിർത്താനും വയനാട് വിടാനും തീരുമാനിച്ചുവെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രാഹുൽ ഇക്കാര്യം കെപിസിസി. നേതൃത്വത്തെ അറിയിക്കും. 17-നുള്ളിൽ രാഹുൽ ഏത് സീറ്റ് നിലനിർത്തും എന്നതിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.

രാഹുൽ ഗാന്ധി ലോക്സഭയിലെ നേതൃപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം പ്രമേയം പാസാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ചേർന്ന പ്രവർത്തക സമിതിയിലായിരുന്നു പ്രമേയം പാസാക്കിയത്.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് റായ്ബറേലി. ഗാന്ധികുടുംബത്തിലെ പ്രധാന നേതാക്കൾ ഇവിടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്തർപ്രദേശ് ഇക്കുറി വലിയ വിജയമാണ് ഇന്ത്യ സഖ്യത്തിന് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ റായ്ബറേലി സീറ്റ് വിടുന്നത് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകാനും ഇടയുണ്ട്. അതിനാൽ റായ്ബറേലി മണ്ഡലം നിലനിർത്തുക, യു.പിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വയനാട്ടിൽ കേരളത്തിൽനിന്നു തന്നെയുള്ള ഒരാളെ മത്സരിപ്പിക്കുക എന്ന ഫോർമുലയാണ് കോൺഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത് എന്നാണ് വിവരം.

രാഹുൽ വയനാട് ഉപേക്ഷിക്കുകയാണെങ്കിൽ പ്രിയങ്കാഗാന്ധി മത്സരിക്കാനെത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് മാറിനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച കെ. മുരളീധരനെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ ഇവിടെ മത്സരിപ്പിക്കണമെന്ന ചർച്ചകളും സജീവമായുണ്ട്.