ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണായി സോണിയാ ഗാന്ധി എംപിയെ തിരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന യോഗത്തിലാണു തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്. കോൺഗ്രസ് നേതാക്കളായ കെ.സുധാകരൻ ഗൗരവ് ഗോഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണയ്ക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി ചെയർപഴ്‌സനായിരിക്കും തിരഞ്ഞെടുക്കുക.

ശനിയാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയാഗാന്ധിയെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നിർദേശിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുൽഗാന്ധിയെത്തണമെന്ന് പാർലമെന്ററി പാർട്ടി യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. പ്രതിപക്ഷനേതാവ് ആരെന്ന് കാത്തിരുന്നു കാണൂ എന്നായിരുന്നു ഖർഗെയുടെ പ്രതികരണം. രാവിലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയിരുന്നു.

ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങുകയായിരുന്നു. രാഹുൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നും പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

റായ്ബറേലിയിൽനിന്ന് മത്സരിക്കുന്നതിൽനിന്ന് പിന്മാറിയ സോണിയാ ഗാന്ധി ഇത്തവണ രാജസ്ഥാനിൽനിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റായ്ബറേലിയിൽ മത്സരിച്ച രാഹുൽഗാന്ധി 3,900,30 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.