ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ്സിന് നേർക്ക് ഭീകരാക്രമണം. വെടിവയ്പിൽ മൂന്ന് തീർത്ഥാടകർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ശിവ്‌ഖോരിയിലേക്ക് തീർത്ഥാടകരുമായി പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെത്തുടർന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞു.

തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

തീർത്ഥാടകരുമായി ശിവ്‌ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ പോണിയിലെ തെര്യത്ത് ഗ്രാമത്തിൽ വച്ച് ആക്രമണമുണ്ടായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പൊലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ദിനത്തിലാണ് കശ്മീരിൽ ആക്രമണം നടന്നത്.