- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക പീഡന കേസിൽ പ്രജ്ജ്വൽ രേവണ്ണ ജയിലിലേക്ക്
ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ജെ.ഡി.എസ്. നേതാവ് പ്രജ്ജ്വൽ രേവണ്ണ ജയിലിലേക്ക്. പ്രജ്ജ്വലിനെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐ.ടി) കസ്റ്റഡി അപേക്ഷ നൽകാതിരുന്ന സാഹചര്യത്തിലാണ് പ്രജ്ജ്വൽ രേവണ്ണയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ ആരോപണങ്ങളുടെ ഗൗരവവും എസ്‌ഐ.ടി. സമർപ്പിച്ച തെളിവുകളും കണക്കിലെടുത്താണ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അശ്ലീലവീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ രാജ്യംവിട്ട പ്രജ്ജ്വൽ രേവണ്ണ മെയ് 31-ന് അർധരാത്രിയോടെയാണ് ജർമനിയിൽനിന്ന് ബെംഗളൂരുവിൽ മടങ്ങിയെത്തിയത്. പിന്നാലെ പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ കസ്റ്റഡിയിലെടുക്കുകയും ജൂൺ ഒന്നാം തീയതി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
ജൂൺ ആറാം തീയതിവരെയാണ് അന്ന് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നത്. തുടർന്ന് ജൂൺ ആറിന് വീണ്ടും ഹാജരാക്കിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡി കാലാവധി നീട്ടിനൽകിയിരുന്നു.
അശ്ലീലവീഡിയോയിൽ ഉൾപ്പെട്ട സ്ത്രീകളാണ് പ്രജ്ജ്വലിനെതിരേ പീഡനപരാതി നൽകിയിരുന്നത്. ഇതിനുപിന്നാലെ പൊലീസ് പ്രജ്ജ്വലിനെതിരേ കേസെടുക്കുകയും അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിക്കുകയുമായിരുന്നു.
അതേസമയം, പ്രജ്ജ്വൽ അശ്ലീലവീഡിയോകൾ പകർത്തിയ മൊബൈൽഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഒരുവർഷം മുമ്പ് ഈ ഫോൺ നഷ്ടപ്പെട്ടതായി പ്രജ്ജ്വൽ ഹൊളെനരസിപുര പൊലീസിൽ പരാതി നൽകിയിരുന്നു. കേസിലെ പ്രധാന തെളിവാകുന്ന മൊബൈൽഫോൺ പ്രജ്ജ്വൽ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ലൈംഗികപീഡനക്കേസിൽ ഉൾപ്പെട്ട പ്രജ്ജ്വൽ രേവണ്ണയ്ക്ക് ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബിജെപി. സഖ്യത്തിൽ ജെ.ഡി.എസ്. സ്ഥാനാർത്ഥിയായി മത്സരിച്ച പ്രജ്ജ്വൽ 42,000-ലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തങ്ങളുടെ കുത്തക മണ്ഡലമായിരുന്ന ഹാസനും ഇതോടെ ജെ.ഡി.എസിന് നഷ്ടമായി. ലൈംഗികാരോപണത്തിന് പിന്നാലെ പ്രജ്ജ്വലിനെ ജെ.ഡി.എസ്. പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.