ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പന്ത്രണ്ട് പേർ മരിച്ചു. പതിനാല് പേർക്ക് പരുക്കേറ്റു. രുദ്രപ്രയാഗിലെ റെയ്‌ത്തോളിയിൽ ഋഷികേശ്ബദ്രിനാഥ് ദേശീയപാതയിൽ ശനിയാഴ്ചയാണ് അപകടം.

കൊക്കയിലേക്ക് വീണ ട്രാവലർ അളകനന്ദ നദിയിൽ പതിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.

നാല് യാത്രക്കാരുടെ നില ഗുരുതരമാണെന്നും അവരെ ഹെലികോപ്റ്ററിൽ എയിംസ് ഋഷികേശിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. 10 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരീനാഥ് റൂട്ടിൽ രുദ്രപ്രയാഗിൽ നിന്ന് 5 കിലോമീറ്റർ അകലെ റെയ്‌ത്തോളിലായിരുന്നു അപകടം. മരിച്ചതിൽ ആറ് പേരും സ്ത്രീകളാണെന്നാണ് സൂചന.

ഹരിയാന രജിസ്‌ട്രേഷൻ നമ്പറിലുള്ള വാഹനം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ചോപ്തയിലേക്കും ഉഖിമഠിലേക്കും പോകുകയായിരുന്നു. യാത്രക്കാർ തീർത്ഥാടകരാണോ അതോ വിനോദസഞ്ചാരികളാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വാഹനത്തിൽ 26 പേരുണ്ടായിരുന്നതായാണ് സൂചന. അതേസമയം, അപകടത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.