പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കേന്ദ്രസർക്കാറിന്റെ താക്കോൽ തന്റെ കൈയിലുണ്ടായിട്ടും നിതീഷ് നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങി ബിഹാറിന്റെ മാനം വിറ്റുവെന്നും നാടിന് അപമാനം വരുത്തിവെച്ചുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.

വെള്ളിയാഴ്ച ഭഗൽപൂരിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് നിതീഷിന്റെ സമീപകാല രാഷ്ട്രീയ കുതന്ത്രങ്ങളെ പ്രശാന്ത് കിഷോർ കടന്നാക്രമിച്ചത്. ബിഹാറിലെ ജനങ്ങൾക്ക് നേട്ടമുണ്ടാക്കാൻ തന്റെ സ്വാധീനം പ്രയോജനപ്പെടുത്താത്തതിന് മുഖ്യമന്ത്രിയെ കിഷോർ വിമർശിച്ചു.

'തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി ബിഹാറിലെ ജനങ്ങളുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യുകയാണ്. നിതീഷ് കുമാർ ആഗ്രഹിക്കുന്നില്ലെങ്കിൽ രാജ്യത്ത് സർക്കാർ രൂപീകരിക്കില്ല. അദ്ദേഹത്തിന് അത്രയധികം ശക്തിയുണ്ട്. ഈ അധികാരത്തിന് പകരം മോദിയോട് നിതീഷ് എന്താണ് ചോദിച്ചത്' ബിഹാറിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടില്ല. സംസ്ഥാനത്തെ ജില്ലകളിലെ പഞ്ചസാര ഫാക്ടറികൾ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ദീർഘകാല ആവശ്യമായ ബീഹാറിന് പ്രത്യേക പദവി പോലും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും കിഷോർ പറഞ്ഞു.

പകരം, ബിജെപിയുടെ പിന്തുണയോടെ 2025നപ്പുറത്തേക്ക് തന്റെ മുഖ്യമന്ത്രിപദം നീട്ടണം എന്നതാണ് ഏക ലക്ഷ്യം. 13 കോടി ജനങ്ങളുടെ നേതാവ് ഞങ്ങളുടെ അഭിമാനവും ബഹുമാനവുമാണ്. എന്നാൽ ഈ മനുഷ്യൻ രാജ്യത്തിന്റെ മുഴുവൻ മുന്നിൽ തലകുനിച്ച് മുഖ്യമന്ത്രിയായി തുടരാൻ നരേന്ദ്ര മോദിയുടെ പാദങ്ങൾ തൊടുകയാണ് ചെയ്തത്.

നിതീഷ് കുമാറിന്റെ 2015 ലെ തിരഞ്ഞെടുപ്പ് വിജയത്തിലെ തന്റെ പങ്കിനെക്കുറിച്ചുയർന്ന വിമർശനത്തെ പരാമർശിച്ച് നിതീഷിന്റെ രാഷ്ട്രീയ നിലപാടിൽ വന്ന സമൂലമായ മാറ്റം കിഷോർ പങ്കുവെച്ചു. 2015ലെ നിതീഷ് കുമാറും 2024ലെ നിതീഷ് കുമാറും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.