ഭോപാൽ: മധ്യപ്രദേശിലെ റായ്‌സെനിൽ പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലയിൽ ബാലവേല കണ്ടെത്തിയതിൽ നടപടി. ജോലിയിൽ ഏർപ്പെട്ടിരുന്ന 58 കുട്ടികളെ മോചിപ്പിച്ചു. ദേശീയ ബാലാവകാശ കമീഷനും സന്നദ്ധ സംഘടനയായ ബച്പൻ ബചാഓ ആന്തോളനും ചേർന്ന് ശനിയാഴ്ചയാണ് സോം ഡിസ്റ്റിലറീസിന്റെ ഉടമസ്ഥതയിലുള്ള മദ്യനിർമ്മാണശാലയിൽനിന്ന് കുട്ടികളെ രക്ഷിച്ചത്. ഇതിൽ 19 പേർ പെൺകുട്ടികളും 39 ആൺകുട്ടികളുമാണെന്ന് ബാലാവകാശ കമീഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

കുട്ടികളെ എല്ലാദിവസവും സ്‌കൂൾ ബസിൽ ഫാക്ടറിയിൽ എത്തിക്കുകയും 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യിപ്പിക്കുകയും ചെയ്തതായി ബാലാവകാശ സംരക്ഷണ കമീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. രാസവസ്തുക്കളും ആൽക്കഹോളും ഉൾപ്പെടെ കൈകാര്യം ചെയ്യേണ്ട ജോലിയായതിനാൽ കുട്ടികൾക്ക് പരിക്ക് ഉണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ബിയർ, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം തുടങ്ങിയവ നിർമ്മിച്ച് രാജ്യവ്യാപകമായി വിതരണം ചെയ്യുന്ന മദ്യക്കമ്പനിയാണ് സോം ഡിസ്റ്റിലറീസ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. രണ്ടു ദിവസം മുൻപ് റായ്‌സെനിലെ മണ്ഡിദീപിൽ പ്രവർത്തിക്കുന്ന മൂന്ന് ഫാക്ടറികളിൽനിന്നായി 36 കുട്ടികളെ മോചിപ്പിച്ചിരുന്നു.