മുംബൈ: കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ഓഗസ്റ്റ് 15 നുള്ളിൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലെ സ്ലീപ്പർ ട്രെയിനുകളായ രാജധാനി, തേജസ്, ശതാബ്ദി തുടങ്ങിയ എക്സ്‌പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളും വേഗതയുമുണ്ടാകും വന്ദേഭാരതിന്.

പുതിയ വണ്ടികളിൽ 11 എസി 3 ടയർ, 4 എസി 2 ടയർ, 1 എസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ 16 കോച്ചുകളാണുള്ളത്. 823 യാത്രക്കാർക്ക് സഞ്ചരിക്കാം. ക്രീം, മഞ്ഞ, വുഡൻ നിറങ്ങളിലായിരിക്കും വന്ദേഭാരതിന്റെ ഉൾഭാഗം. പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2029 ഓടെ ട്രാക്കിലിറക്കുമെന്നും മന്ത്രി അറിയിച്ചു.

പരീക്ഷണയോട്ടത്തിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്ററായിരിക്കുമെങ്കിലും ട്രാക്കിൽ 160 ആയിരിക്കും പരമാവധി വേഗം. ഇന്ത്യൻ റെയിൽവേ പുതുതായി പുറത്തിറക്കുന്ന വന്ദേമെട്രോ ചെറിയ അകലങ്ങളിലുള്ള നഗരങ്ങളെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന സർവീസാണ്.