- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളിൽ നേതാക്കൾക്ക് ചുമതല നൽകി ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ആരംഭിച്ച് ബിജെപി.
മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്ക് കേന്ദ്രമന്ത്രിമാർക്ക് ചുമതല നൽകി. ഈ വർഷം ഒടുവിലായിരിക്കും ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുക. തീയതികളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പാർട്ടി പ്രത്യേക പ്രാധാന്യം നൽകുന്ന മഹാരാഷ്ട്രയുടെ ചുമതല കേന്ദ്രമന്ത്രിമാരായ ഭുപേന്ദ്ര യാദവിനും അശ്വനി വൈഷ്ണവിനും നൽകി. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ഹരിയാനയുടെ ചുമതല. ധർമേന്ദ്ര പ്രധാനെ സഹായിക്കാൻ ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ നിയോഗിച്ചു.
ഝാർഖണ്ഡിൽ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനാണ് പാർട്ടി ചുമതല നൽകിയത്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ ചൗഹാനെ സഹായിക്കാനെത്തും. ജമ്മു കശ്മീരിന്റെ ചുമതല കേന്ദ്ര ഖനി മന്ത്രി ജി. കിഷൻ റെഡ്ഡിക്കാണ്. 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷം ആദ്യമായാണ് കശ്മീരിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.