ന്യൂഡൽഹി: തനിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലിംകൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ലെന്ന വിവാദ പരാമർശവുമായി ജെ.ഡി.യു എംപി ദേവേഷ് ചന്ദ്ര താക്കൂർ. മുസ്‌ലിംകളിൽ നിന്നും യാദവ വിഭാഗത്തിൽ നിന്നുമുള്ള അഭ്യർത്ഥനകൾ പരിഗണിക്കില്ല. അവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും താക്കൂർ പറഞ്ഞു.

സീതാമർഹി ലോക്‌സഭ മണ്ഡലത്തിൽ നിന്നും 51,000 വോട്ടുകൾക്കാണ് താക്കൂർ ജയിച്ചത്. രാഷ്ട്രീയ ജനതാ ദള്ളിന്റെ അർജുൻ റായിയായിരുന്നു എതിർ സ്ഥാനാർത്ഥി. മുസ്‌ലിംകളുടേയും യാദവ വിഭാഗത്തിന്റേയും ആവശ്യങ്ങൾ പരിഗണിക്കില്ലെന്ന് എംപി പറയുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുസ്‌ലിംകൾക്കും യാദവ വിഭാഗത്തിനും തന്നെ കാണാൻ വരണമെങ്കിൽ വരാം. ചായയും സ്‌നാക്‌സും കഴിച്ച് മടങ്ങാം. പക്ഷേ ഒരു സഹായവും പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ഒരാൾ സഹായം അഭ്യർത്ഥിച്ച് എന്നെ കാണാൻ വന്നിരുന്നു. ആദ്യമായി വന്നതിനാൽ അയാളോട് കൂടുതൽ കാര്യങ്ങൾ പറഞ്ഞില്ല.

താൻ ആർ.ജെ.ഡിക്കല്ലേ വോട്ട് ചെയ്തതെന്ന് ഞാൻ അയാളോട് ചോദിച്ചു. അതെയെന്ന മറുപടിയാണ് തനിക്ക് ലഭിച്ചത്. തുടർന്ന് ചായ നൽകിയതിന് ശേഷം തനിക്ക് സഹായം തരാൻ ആവില്ലെന്ന് പറഞ്ഞ് അയാളെ തിരികെ അയക്കുകയായിരുന്നുവെന്നും താക്കൂർ പറഞ്ഞു.

അതേസമയം, എംപിയുടെ പ്രസ്താവനക്കെതിരെ ആർ.ജെ.ഡി രംഗത്തെത്തി. എംപിയോ എംഎ‍ൽഎയോ പ്രധാനമന്ത്രിയോ ഏതെങ്കിലും സമുദായത്തിന് വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ അല്ല പ്രവർത്തിക്കേണ്ടത്. തെരഞ്ഞെടുപ്പിൽ ജയിച്ച് കഴിഞ്ഞാൽ അയാൾ ഒരു പ്രദേശത്തിന്റെ ജനപ്രതിനിധിയാകും. സീതാമാർഹിയിലെ എംപിയാണ് ദേവേഷ് ചന്ദ്ര താക്കൂർ. എല്ലാവരേയും ഒരുപോലെ കാണാൻ എംപിക്ക് കഴിയണമെന്നും ആർ.ജെ.ഡി ആവശ്യപ്പെട്ടു.