ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽവച്ച് നേരിട്ട ആക്രമണത്തിൽ പിഎ ബിഭവ് കുമാറിനെതിരെ പരാതിപ്പെട്ടതോടെ സ്വന്തം പാർട്ടിയിൽ നിന്ന് അധിക്ഷേപം നേരിടുകയാണെന്ന് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എൻസിപി അധ്യക്ഷൻ ശരദ് പവാറിനും സ്വാതി കത്തയച്ചു.

"പിന്തുണ നൽകേണ്ടതിനു പകരം എന്റെ സ്വന്തം പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും എനിക്കെതിരെ വ്യക്തിഹത്യയും അധിക്ഷേപവും നടത്തുകയാണ്. നീതിക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഞാൻ കഴിഞ്ഞ ഒരു മാസമായി വേദനയും ഒറ്റപ്പെടലും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി നിങ്ങളുടെ സമയം ഞാൻ തേടുകയാണ്." കത്തിൽ സ്വാതി പറയുന്നു.

ഡൽഹിയിലെ തീസ് ഹസാരി കോടതി കഴിഞ്ഞ ആഴ്ച ബിഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ 22 വരെ നീട്ടിയിരുന്നു. ഈ മാസം ആദ്യം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കേജ്‌രിവാളിനെ കാണാൻ വസതിയിലെത്തിപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്‌തെന്നാണു സ്വാതിയുടെ പരാതി.