- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ പിന്നാക്ക സംവരണം 65 ശതമാനമാക്കാനുള്ള തീരുമാനം റദ്ദാക്കി
പട്ന: പിന്നാക്ക സംവരണത്തിൽ ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് കനത്ത തിരിച്ചടി. ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം പട്ന ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അൻപതു ശതമാനത്തിൽനിന്ന് 65 ശതമാനമായി ഉയർത്തിയ നിയമ ഭേദഗതി സംവരണം അൻപതു ശതമാനത്തിൽ കവിയരുതെന്ന സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
പിന്നാക്ക വിഭാഗക്കാരുടെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 14,16,20 എന്നിവയുടെ ലംഘനമാണ് എന്നുകാണിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ തീരുമാനം. പുതിയ സർവേ പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 63 ശതമാനത്തോളം പേർ ഒബിസി, ഇബിസി വിഭാഗത്തിൽ പെട്ടവരാണ്.
ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ്, ദലിത്, പിന്നാക്ക വിഭാഗ, ഗോത്ര സംവരണം ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം നവംബറിൽ നിയമം കൊണ്ടുവരികയായിരുന്നു.
സംവരണം അൻപതു ശതമാനത്തിനു മുകളിൽ ഉയർത്തിയത് ഭരണഘടനയുടെ 14, 16, 20 അനുഛേദങ്ങളുടെ ലംഘനമാണെന്ന വാദമാണ്, ഹർജി നൽകിയവർ ഉയർത്തിയത്. തുല്യതയ്ക്കുള്ള അവകാശം, ജോലിക്കു തുല്യാവസരം ലഭിക്കുന്നതിനുള്ള അവകാശം എന്നിവയ്ക്കു വിരുദ്ധമാണ് സർക്കാർ നടപടിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ് സംവരണ പരിധി ഉയർത്തിയത് എന്നാണ് സർക്കാർ വാദിച്ചത്. എന്നാൽ സർക്കാർ നടപടി ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണെന്ന് ഹർജിക്കാർ പറഞ്ഞു.