ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാകും. കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തീരുമാനം. ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്.

പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭർതൃഹരി മഹ്താബ് മേൽനോട്ടം വഹിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്‌സഭയിലെ മുതിർന്ന അംഗം.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞയിൽ പ്രോ ടേം സ്പീക്കറെ സഹായിക്കാൻ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.ആർ ബാലു, രാധാമോഹൻസിങ്, ഫഗ്ഗൻസിങ് കുലസ്തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു.

ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെയാണ് 18-ാമത് ലോക്സഭയുടെ ആദ്യസമ്മേളനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ പ്രോ ടേം സ്പീക്കർക്കുമുന്നിൽ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. ആറുതവണ ബി.ജെ.ഡി. ടിക്കറ്റിൽ കട്ടക്കിൽനിന്ന് വിജയിച്ച ഭർതൃഹരി മഹ്താബ്, ഇത്തവണ ബിജെപി. ടിക്കറ്റിലാണ് ഇതേ സീറ്റിൽനിന്ന് വിജയിച്ചത്.

ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭർതൃഹരി മഹ്തബ്. ബി.ജെ.ഡി. സ്ഥാനാർത്ഥി സംതൃപ്ത് മിശ്രയെ പരാജയപ്പെടുത്തിയാണ് ഇത്തവണ ലോക്സഭയിൽ എത്തിയത്. മാവേലിക്കര എംപിയായ കൊടിക്കുന്നിൽ സുരേഷ് പ്രോ ടേം സ്പീക്കറാവുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. സ്പീക്കർ തിരഞ്ഞെടുപ്പിനും ഭർതൃഹരി മേൽനോട്ടം വഹിക്കും.

കൊടിക്കുന്നിലിനെ തഴഞ്ഞ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 'പുതിയ അംഗങ്ങൾക്ക് സത്യവാചകം സാധാരണഗതിയിൽ ചൊല്ലികൊടുക്കുന്നത് സഭയിൽ ഏറ്റവും കൂടുതൽകാലം കാലാവധി തികച്ചവരാണ്.പതിനെട്ടാം ലോക്‌സഭയിലെ ഏറ്റവും മുതിർന്ന എംപിമാർ കൊടിക്കുന്നിൽ സുരേഷും (കോൺഗ്രസ്) വീരേന്ദ്ര കുമാറും (ബിജെപി) ആണ്, ഇരുവരും ഇപ്പോൾ എട്ടാം തവണയാണ്.

വീരേന്ദ്ര ഇപ്പോൾ കേന്ദ്രമന്ത്രിയായതിനാൽ കൊടിക്കുന്നിൽ സുരേഷ് പ്രോടേം സ്പീക്കറാകുമെന്നായിരുന്നു പ്രതീക്ഷ. ഏഴുതവണ എംപിയായ ഭർതൃഹരിയെ ആണ് പകരം പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തിരിക്കുന്നത്' കോൺഗ്രസ് വാക്താവ് ജയറാം രമേശ് പറഞ്ഞു. പാർലമെന്ററി മാനദണ്ഡങ്ങൾ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതികരിച്ചു.