- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്വിദിന സന്ദർശനത്തിനായി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക്
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ജൂൺ 21- 22 തീയതികളിലാകും ഷെയ്ഖ് ഹസീന ഇന്ത്യ സന്ദർശിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷിചർച്ചയ്ക്ക് പുറമെ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവരുമായും കൂടിക്കാഴ്ചയുണ്ടാകും. കഴിഞ്ഞ ജൂൺ 9 ന് നടന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഷെയ്ഖ് ഹസീനയും പങ്കെടുത്തിരുന്നു. വർഷങ്ങളായി ഊഷ്മളമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയും ബംഗ്ലാദേശും. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഷെയ്ഖ് ഹസീനയുടെയും നേതൃത്വത്തിൽ കൂടുതൽ വിപുലീകരിക്കപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം ശക്തമായ വർഷമായിരുന്നു 2023. 2023 മാർച്ച് 18 ന് ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി ഇന്ത്യ ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. 2023 നവംബർ 1 ന് ഇന്ത്യയുടെ സഹായത്തോടെ മൂന്ന് വികസന സഹകരണ പദ്ധതികളാണ് ബംഗ്ലാദേശ് ഉദ്ഘാടനം ചെയ്തത്. അഗർത്തല-അഖൗറ ക്രോസ് ബോർഡർ റെയിൽ ലിങ്കും ഖുൽന-മോംഗ്ല പോർട്ട് റെയിൽ ലൈനും ബംഗ്ലാദേശിലെ റാംപലിലുള്ള മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റും ആയിരുന്നു ഇരുപ്രധാനമന്ത്രിമാരും ഉദ്ഘാടനം ചെയ്തത്.