- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് അന്താരാഷ്ട്ര യോഗാദിനം
ന്യൂഡൽഹി: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. രാജ്യാന്തര യോഗാദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് രാജ്യമെമ്പാടും ആസൂത്രണം ചെയ്തിരിക്കുന്നത്. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ?ഗ' എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകും. ഇവിടെ നടക്കുന്ന യോഗാചരണത്തിൽ ഏഴായിരത്തോളം പേർ പങ്കെടുക്കും. മൂന്നാം തവണ കേന്ദ്രഭരണം ലഭിച്ച ശേഷം ആദ്യമായാണു മോദി കശ്മീരിലെത്തുന്നത്.
തുടർന്ന് 1500 കോടി രൂപയുടെ 84 പദ്ധതികൾ അദ്ദേഹം ജമ്മു കശ്മീരിൽ ഉദ്ഘാടനം ചെയ്യും. അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗമാകും. ദൈനംദിന ജീവിതത്തിൽ യോഗ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. നിലവിലുള്ള ഭീകരാക്രമണ വെല്ലുവിളികൾ പരിഗണിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ജമ്മുകശ്മീരിൽ എമ്പാടും സുരക്ഷാസേന ഏർപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഇന്നു യോഗാദിനം ആചരിക്കുന്നുണ്ട്. 2015 മുതൽ രാജ്യാന്തര യോഗാദിനത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി യോഗാഭ്യാസത്തിനു നേതൃത്വം നൽകിയിരുന്നു. ഡൽഹി, ചണ്ഡിഗഡ്, ഡെറാഡൂൺ, റാഞ്ചി, ലക്‌നൗ, മൈസൂരു, ന്യൂയോർക്ക് തുടങ്ങിയവ ഇതിൽ പെടും. വാഷിങ്ടനിൽ ഇന്ത്യ എംബസി അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ യോഗാഭ്യാസം നടത്തി.