ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു തിരിച്ചടി. മദ്യനയക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കെ അവസാന നിമിഷം ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. താൽകാലികമായാണ് സ്‌റ്റേ. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.

ജാമ്യം നൽകിയതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഇടപെടൽ. ഹർജിയിൽ ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹർജി തീർപ്പാകുന്നതുവരെ കേജ്‌രിവാളിനു ജയിൽ മോചിതനാകാനാകില്ല. ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മാർച്ച് 21-നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നൽകിയിരുന്നു.

മെയ്‌ പത്തിന് പുറത്തിറങ്ങിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂൺ രണ്ടിന് തിരികെ ജയിലിൽ കീഴടങ്ങി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.