- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി
മാഹി: മാഹിയിലെ വിവിധ പ്രദേശങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ മാഹി പൊലീസ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കുന്നത് തടയാനും പിടികൂടുന്നതിനുമായാണ് മാഹി പൊലീസ് പരിശോധന.
ചെറുകല്ലായി, ചാലക്കര പള്ളൂർ, ഇരട്ടപിലാക്കൂൽ, ഈസ്റ്റ് പള്ളൂർ, ചെമ്പ്ര, വെസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തിയത്. എസ്‌ഐ ജിയാസിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്‌ഫോടക വസ്തുക്കൾ തിരിച്ചറിയുന്നതിൽ പരിശീലനം സിദ്ധിച്ച ലക്‌സി എന്ന പൊലീസ് നായ ഉൾപ്പെടെയുള്ള ശ്വാന സേനയും മാഹി പൊലീസിനെ സഹായിക്കാനെത്തിയിരുന്നു.
മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഐ ആർ.ഷൺമുഖം, മാഹി എസ്‌ഐ കെ.സി.അജയകുമാർ, പള്ളൂർ എസ്‌ഐ സി.വി.റെനിൽകുമാർ, സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ പി.പ്രദീപ് എന്നിവരും പങ്കെടുത്തു.
ആൾ താമസമില്ലാത്ത വീടുകൾ, നിർമ്മാണം നിലച്ച കെട്ടിടങ്ങൾ, കുറ്റിക്കാടുകൾ എന്നിങ്ങനെ സാമൂഹ്യ വിരുദ്ധർ സ്ഥിരമായി തമ്പടിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു.