പട്‌ന: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അഞ്ചു പേരെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഝാർഖണ്ഡിലെ ദിയോഗഢിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 13 പേരെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും ബന്ധുക്കളും പിടിയിലായവരിൽ ഉൾപ്പെടും.

അറസ്റ്റ് ചെയ്ത അഞ്ചുപേരേയും ചോദ്യം ചെയ്യലിനായി പട്‌നയിലേക്ക് കൊണ്ടുപോയി. നേരത്തെ റാഞ്ചിയിൽ നിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. അവദേശ് കുമാർ എന്നയാളേയും നീറ്റ് പരീക്ഷാർഥിയായ മകൻ അഭിഷേകിനേയുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പറിനായി സികന്ദർ യാദവേന്ദു എന്നയാൾക്ക് 40 ലക്ഷം രൂപയാണ് നൽകിയതെന്ന് അവദേശ് ആരോപിച്ചു. അവദേശ് കുമാറും സികന്ദർ യാദവേന്ദുവും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്നും മുമ്പ് ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നതായാണ് വിവരം.

അതേസമയം വിവാദമുയർന്നിട്ടും നീറ്റ് പരീക്ഷ റദ്ദാക്കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്ത് വന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ ചുരുക്കം വിദ്യാർത്ഥികളെ മാത്രമേ ചോദ്യപേപ്പർ ചോർച്ച ബാധിക്കുകയുള്ളൂവെന്നും അതിനാൽ പരീക്ഷ റദ്ദാ?ക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.

2004, 2015 വർഷങ്ങളിൽ ചോദ്യപേപ്പർ ചോർച്ച പരീക്ഷ റദ്ദാക്കേണ്ട സാഹചര്യങ്ങളിലെത്തിച്ചു. അതേസമയം, വളരെ നന്നായി കൃത്രിമത്വമില്ലാതെ നീറ്റ് എഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പരീക്ഷ റദ്ദാക്കിയാൽ ബാധിക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

നീറ്റ് യു.ജി പരീക്ഷയിൽ 67 വിദ്യാർത്ഥികൾ മുഴുവൻ മാർക്ക് നേടിയത് വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ അവർ ഗ്രേസ്മാർക്ക് വഴിയാണ് മുഴുവൻ മാർക്ക് നേടിയതെന്ന് പിന്നീട് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകി. ചിലർക്ക് തെറ്റായ ചോദ്യങ്ങളാണ് ലഭിച്ചത്. ചെലവിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ലഭിക്കാൻ വൈകിയതും പ്രശ്‌നം സൃഷ്ടിച്ചു. ഇതാണ് ഗ്രേസ് മാർക്ക് നൽകാൻ കാരണമായത്.

ഈ വർഷം 24 ലക്ഷം വിദ്യാർത്ഥികളാണ് മെയ്‌ അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ എഴുതിയത്. ?1500 ലേറെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതും ചോദ്യ പേപ്പർ ചോർച്ച വിവാദങ്ങളും പരീക്ഷയുടെ വിശ്വാസ്യത തകർത്തു. അതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളുണ്ടായി. നീറ്റ് ക്രമക്കേടിനെതിരെ സുപ്രീംകോടതികളിലടക്കം പരാതികളും നൽകി